വര്‍ഷമാപിനി

Saturday, May 19, 2007

ബാഗ്ദാദിലെ മകള്‍....

എനിക്ക്
ഒരു മകളുണ്ട്
ബാഗ്ദാദിലെ
തെരുവില്‍,
അവളുടെ ബാല്യം
എങ്ങനെയാണ്
മുന്നോട്ട് പോകുന്നതെന്ന്
ഇടയ്ക്കൊക്കെ ഞാന്‍
ചിന്തിക്കാറുണ്ട്.....

നിങ്ങളുടെ ഒസ്യത്തില്‍ നിന്ന്
അവള്‍ക്കായ്
ഒന്നും മാറ്റിവെക്കരുതെന്ന്
അവളുടെ അമ്മ
എനിക്കെഴുതിയിരുന്നു.....
എങ്കിലും ചിലത് ഞാന്‍ കരുതുന്നു
അവള്‍ക്കായ്,
പുളിയുള്ള ഒരു മാമ്പഴം,
കൂവളത്തിന്റെ ഒരില,
പിന്നെ വേനലിനെ
മുറിച്ചുകൊണ്ട് കടന്നു വരുന്ന
മഴയുടെ ചെരിഞ്ഞ മുഖം,
അങ്ങനെ പലത്....

നിരത്തിലൂടെ
നടന്ന് നീങ്ങുമ്പോള്‍
ആകാശത്തിലൂടെ
പറക്കുന്ന ഇരമ്പം
ഏതു കാതിലൂടെ അവള്‍ അറിയും...?
കൂട്ടുകാരോട്
കളിപറഞ്ഞ് ചിരിക്കുമ്പോള്‍
അയല്‍പക്കത്തെ വീട്
കത്തിയെരിയുന്നത്
ഏത് കണ്ണിലൂടെ അവള്‍ കാണും...?
(എനിക്കാശങ്കയാണ്)
അവളുടെ കാഴ്ചകളെയും
കേള്‍വികളെയും കുറിച്ച്....

അവളുടെ അമ്മയ്ക്ക്
(പര്‍ദ്ദ ധരിച്ച എന്റെ പഴയ കാമുകിക്ക്)
ഞാന്‍ എഴുതി
അവളെ ഇങ്ങോട്ടയക്കാന്‍,
എന്റെ നിശ്വാസങ്ങളുടെ കാറ്റേറ്റ്
അവള്‍ ഇവിടെ...

ഇല്ല,
അവള്‍ വളരേണ്ടത്
ഈ തെരുവിലാണ്,
വെടിക്കോപ്പുകള്‍
നിറയ്ക്കപ്പെട്ടിരിക്കുന്ന
ഈ നിരത്തിന്റെ തണുപ്പേറ്റ്....
പുകമണം ഒളിപ്പിച്ച്
കടന്നു വരുന്ന ഈ കാറ്റിന്റെ
പാട്ടുകേട്ട്.....
പതിയിരിക്കുന്ന
പട്ടാളക്കാരന്റെ കണ്ണിലെ
വേട്ട ശൌര്യത്തിന്റെ
ചൂടേറ്റ്........
(മറുപടി ഇങ്ങനെയൊക്കെയാണ്)

ഇപ്പോള്‍ ,
ഓരോ പ്രഭാതത്തിലും
എനിക്കൊരുല്‍ക്കണ്ടയുണ്ട്,
മഴ നനയാത്ത
ബാഗ്ദാദില്‍ നിന്നും
എന്താണ് പുതിയ വാര്‍ത്തകള്‍,
പര്‍ദ്ദ ധരിച്ച
ഒരമ്മയേയും
ആകാശനീലിമ
മുഖത്തേറ്റു വാങ്ങിയ
ഒരു മകളേയും
ചതുരക്കോളങ്ങളില്‍
ഞാന്‍ തിരയുന്നു...
അരികില്‍
എന്റെ മകന്‍,
അച്ചാ‍..ഇന്നും വാര്‍ത്തയുണ്ട്
ഇറാക്കില്‍ നിന്ന്,
മരണ സംഖ്യ മാത്രം
എഴുതിയിട്ടില്ല.....

ചോദ്യങ്ങള്‍ എന്തിനാണ് കഴുമരമേറുന്നത്

എന്തിനാണ്
ഉത്തരങ്ങളില്ലാ‍ത്ത
ചോദ്യങ്ങള്‍
ചോദിക്കുന്നവനെ
ഞങ്ങള്‍
ഭയക്കുന്നത്,

ചോദ്യങ്ങളില്‍ നിന്ന്
അണമുറിയാ പ്രവാഹമായി
ആള്‍ക്കൂട്ടങ്ങള്‍
രൂപപ്പെടുമ്പോള്‍....

ആകാശവും
ഭൂമിയും
പകുക്കുന്നതിനെതിരെ
മുദ്രാവാക്യങ്ങള്‍
നിറയുമ്പോള്‍....

തിമിരം നിറഞ്ഞ
കാഴ്ചകളില്‍
വെളിച്ചം പടരുമ്പോള്‍....

നര ബാധിച്ച
വാക്കുകള്‍ക്ക്
ആകാശദൂരം നല്‍കുമ്പോള്‍....

അപ്പോഴാണ്
ചോദ്യങ്ങള്‍
ചോദിക്കുന്നവന് വേണ്ടി
കഴുമരങ്ങള്‍ ഒരുങ്ങുന്നത്...

ഉയര്‍തെഴുന്നേല്‍ക്കാത്ത
രക്തസാക്ഷികള്‍ക്ക്
ബലികുടീര
വാതിലുകളില്‍
രക്തപുഷ്പാഞ്ജലി,
സമാധാനമുണ്ട്
അവര്‍ക്ക്
ചോദ്യങ്ങള്‍
ചോദിക്കാനാവില്ലല്ലോ.......

Friday, May 11, 2007

കവിതകള്‍

1. മാറ്റങ്ങള്‍

പുഴകളെല്ലാം ഒഴുകുന്നത്
നിന്റെ മിഴികളില്‍ നിന്നാണെന്നു
പറഞ്ഞ കൂട്ടുകാരി
ഇന്നലെ ആരോടും പറയാതെ
അറ്റം കാണാത്ത പുഴയുടെ
മറുപുറം തേടി യാത്രയായി

2. ജീവിതം എന്നതിന്
സമരം ചെയ്യുക എന്നര്‍ത്ഥം കൂടിയുണ്ടെന്ന്
പറഞ്ഞ സഖാവ്
ഒരു സമരത്തിന്റെ ബാക്കി പത്രമായി
തൂക്കിലേറ്റപ്പെടാന്‍ വിധിക്കപ്പെട്ടു

3. ലോകത്തിന്റെ അങ്ങേ ചെരിവിലിരുന്ന് അവളും
ഇങ്ങേ ചെരുവിലിരുന്നു ഞാനും
കടം തരുന്നവരേയും
കടം വാങ്ങുന്നവരേയും കുറിച്ച് തര്‍ക്കിച്ച്
കടം മേടിച്ച് കടം കുടിച്ച്
ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു.