ബാഗ്ദാദിലെ മകള്‍....
എനിക്ക്
ഒരു മകളുണ്ട്
ബാഗ്ദാദിലെ
തെരുവില്‍,
അവളുടെ ബാല്യം
എങ്ങനെയാണ്
മുന്നോട്ട് പോകുന്നതെന്ന്
ഇടയ്ക്കൊക്കെ ഞാന്‍
ചിന്തിക്കാറുണ്ട്.....
നിങ്ങളുടെ ഒസ്യത്തില്‍ നിന്ന്
അവള്‍ക്കായ്
ഒന്നും മാറ്റിവെക്കരുതെന്ന്
അവളുടെ അമ്മ
എനിക്കെഴുതിയിരുന്നു.....
എങ്കിലും ചിലത് ഞാന്‍ കരുതുന്നു
അവള്‍ക്കായ്,
പുളിയുള്ള ഒരു മാമ്പഴം,
കൂവളത്തിന്റെ ഒരില,
പിന്നെ വേനലിനെ
മുറിച്ചുകൊണ്ട് കടന്നു വരുന്ന
മഴയുടെ ചെരിഞ്ഞ മുഖം,
അങ്ങനെ പലത്....
നിരത്തിലൂടെ
നടന്ന് നീങ്ങുമ്പോള്‍
ആകാശത്തിലൂടെ
പറക്കുന്ന ഇരമ്പം
ഏതു കാതിലൂടെ അവള്‍ അറിയും...?
കൂട്ടുകാരോട്
കളിപറഞ്ഞ് ചിരിക്കുമ്പോള്‍
അയല്‍പക്കത്തെ വീട്
കത്തിയെരിയുന്നത്
ഏത് കണ്ണിലൂടെ അവള്‍ കാണും...?
(എനിക്കാശങ്കയാണ്)
അവളുടെ കാഴ്ചകളെയും
കേള്‍വികളെയും കുറിച്ച്....
അവളുടെ അമ്മയ്ക്ക്
(പര്‍ദ്ദ ധരിച്ച എന്റെ പഴയ കാമുകിക്ക്)
ഞാന്‍ എഴുതി
അവളെ ഇങ്ങോട്ടയക്കാന്‍,
എന്റെ നിശ്വാസങ്ങളുടെ കാറ്റേറ്റ്
അവള്‍ ഇവിടെ...
ഇല്ല,
അവള്‍ വളരേണ്ടത്
ഈ തെരുവിലാണ്,
വെടിക്കോപ്പുകള്‍
നിറയ്ക്കപ്പെട്ടിരിക്കുന്ന
ഈ നിരത്തിന്റെ തണുപ്പേറ്റ്....
പുകമണം ഒളിപ്പിച്ച്
കടന്നു വരുന്ന ഈ കാറ്റിന്റെ
പാട്ടുകേട്ട്.....
പതിയിരിക്കുന്ന
പട്ടാളക്കാരന്റെ കണ്ണിലെ
വേട്ട ശൌര്യത്തിന്റെ
ചൂടേറ്റ്........
(മറുപടി ഇങ്ങനെയൊക്കെയാണ്)
ഇപ്പോള്‍ ,
ഓരോ പ്രഭാതത്തിലും
എനിക്കൊരുല്‍ക്കണ്ടയുണ്ട്,
മഴ നനയാത്ത
ബാഗ്ദാദില്‍ നിന്നും
എന്താണ് പുതിയ വാര്‍ത്തകള്‍,
പര്‍ദ്ദ ധരിച്ച
ഒരമ്മയേയും
ആകാശനീലിമ
മുഖത്തേറ്റു വാങ്ങിയ
ഒരു മകളേയും
ചതുരക്കോളങ്ങളില്‍
ഞാന്‍ തിരയുന്നു...
അരികില്‍
എന്റെ മകന്‍,
അച്ചാ..ഇന്നും വാര്‍ത്തയുണ്ട്
ഇറാക്കില്‍ നിന്ന്,
മരണ സംഖ്യ മാത്രം
എഴുതിയിട്ടില്ല.....